1869 ഒക്ടോബർ രണ്ടാം തീയ്യതിയായിരുന്നു മഹാത്മഗാന്ധിയുടെ (മോഹൻദാസ് കരംചന്ദ് ഗാന്ധി) ജനനം. കന്നിമാസത്തിലെ കൃഷ്ണപക്ഷദ്വാദശിനാളിൽ ജനിക്കുന്നവർ ജീവിതത്തിൽ വളരെ കഷ്ടത അനുഭവിക്കുമെന്നാണ് പൊതുവേയുള്ള കണക്കു കൂട്ടൽ. മഹാത്മാഗാന്ധിയെ സംബന്ധിച്ചിടത്തോളം അത് അർത്ഥവത്തായിത്തീരുകയും ചെയ്തു.
മഹാത്മാഗാന്ധിയുടെ (മോഹൻദാസ്) ജീവിതത്തിൽ മാതാപിതാക്കൾ വളരെയധികം സ്വാധീനം ചെലുത്തിയിരുന്നു.
ഹിന്ദുമതത്തിലെ വൈഷ്ണവ വിഭാഗത്തിലാണ് മഹാത്മാഗാന്ധിയുടെ ജനനം. ഈ മതത്തിന്റെ സ്വാധീനം ആ ബാലഹൃദയത്തിൽ ചലനങ്ങൾ സൃഷ്ടിച്ചു. സ്വമാതാവിന്റെ ജീവിതം തന്നെ മകന്റെ കുരുന്നുമനസ്സിനെ വല്ലാതെ ആകർഷിച്ചു. അമ്മയെ മകൻ വാസ്തവത്തിൽ ആരാധിക്കുകയായിരുന്നു.
ജൈന പുരോഹിതരുടെ അഹിംസാ സിദ്ധാന്തം ലോക പ്രസിദ്ധമാണ്. വിള ക്കിന്റെ ജ്വാലയിൽ വീണു പ്രാണികൾ ചാകുന്നതുപോലും അവർ സഹിക്കു മായിരുന്നില്ല.
അതിനാൽ വിളക്കുവച്ച് അവർ അത്താഴം കഴിക്കില്ലായിരുന്നു.
കുടുംബത്തിലെ ഏറ്റവും ഇളയ കുട്ടിയായതിനാൽ എല്ലാവരുടെയും സ്നേഹലാളനങ്ങൾ മഹാത്മാഗാന്ധിക്ക് (മോഹൻ ദാസിന് )വേണ്ടുവോളം ലഭിച്ചിരുന്നു. “മനു’, “മോഹനീയ’ എന്നീ ഓമനപ്പേരുകളും അക്കാലത്ത് മഹാത്മാഗാന്ധിക്കുണ്ടായിരുന്നു.
ഒരു ദിവാന്റെ മകനായി പിറന്നതു നിമിത്തം മഹാത്മാഗാന്ധിയെ (മോഹൻ ദാസ്) ഗ്രാമീണരെല്ലാം വളരെ ബഹുമാനത്തോടെയാണ് വീക്ഷിച്ചിരുന്നത്.
എന്നാൽ എല്ലാവരിൽനിന്നും അകന്ന് ഒറ്റയ്ക്ക കഴിയുന്നതായിരുന്നു ആ ബാലന് ഏറെയിഷ്ടം. ദിവാന്റെ മകനായിരുന്ന തുകൊണ്ടു കാളവണ്ടിയിൽ കയറി ഗ്രാമങ്ങൾ ചുറ്റിക്കാണാൻ മഹാത്മാഗാന്ധിക്ക് കഴിഞ്ഞു. വഴിമദ്ധ്യ ഗ്രാമീണർ ആ ബാലന് ജോവർ റൊട്ടിയും തൈരും എട്ടണത്തുട്ടുകളും സമ്മാനിച്ചു. ഏതാണ്ട് ഒരു രാജകുമാരനെപ്പോലെയാണ് മഹാത്മാഗാന്ധിയെ എല്ലാവരും കരുതിയത്.
എളുപ്പം പേടി തോന്നുന്ന സ്വഭാവമായിരുന്നു
ചെറുപ്പത്തിൽ മഹാത്മാഗാന്ധിയുടെത്.
തൊട്ടടുത്തുള്ള കൃഷ്ണക്ഷേത്രത്തോട് മഹാത്മാഗാന്ധിക്ക് തെല്ലും താല്പര്യം തോന്നിയില്ല. കറുത്ത വിഗ്രഹങ്ങളും പുരോഹിതന്റെ നിർത്താതെയുള്ള മന്ത്രം ചൊല്ലലുമായിരുന്നു കാരണം.
മൂന്നുവയസ്സുവരെ മഹാത്മാഗാന്ധിയെ നോക്കിയിരുന്നതു സ്വന്തം ചേച്ചിയാണ്. അതു കഴിഞ്ഞപ്പോൾ രംഭ എന്നൊരു ആയയെ നിയമിച്ചു. അവരെ മഹാത്മാഗാന്ധിക്ക് വളരെ ഇഷ്ടമായിരുന്നു. ഒരിക്കൽ മഹാത്മാഗാന്ധി രംഭയോടു പറഞ്ഞു: “എനിക്കു പിശാചുക്കളെ പേടിയാണ്.” പേടി തോന്നുമ്പോഴൊക്കെ രാമനാമം ജപിക്കുവാൻ രംഭ കുട്ടിയോട് ഉപദേശിച്ചു.
അന്നു തുടങ്ങിയ രാമനാമജപം മരണം വരെയും അദ്ദേഹം തുടർന്നു. വെടിയേറ്റു വീഴുമ്പോഴും ആ ചുണ്ടുകളിൽ ഉയർന്നതു രാമനാമമാണ്.
രംഭയെ ഇഷ്ടമായിരുന്നെങ്കിലും സദാ സമയം അവരോടപ്പം കഴിയുവാൻ മഹാത്മാഗാന്ധി ഇഷ്ടപ്പെട്ടിരുന്നില്ല. രംഭയെ വെട്ടിച്ച് മഹാത്മാഗാന്ധി അടുത്തുള്ള അമ്പലപ്പറമ്പിലേക്കു പോകും. അവിടെ ചെന്നു മരത്തിൽ കയറുക, കിണറുകളിൽ എത്തിനോക്കുക എന്നിവയൊക്കെയായിരുന്നു കുട്ടിക്കാലത്തെ മഹാത്മാഗാന്ധിയുടെ വികൃതികൾ.
കളിമണ്ണുകൊണ്ടു വിഗ്രഹങ്ങൾ ഉണ്ടാക്കുന്നത് കുട്ടിക്കാലത്ത് മഹാത്മാഗാന്ധിയുടെ പ്രധാന വിനോദങ്ങളിൽ ഒന്നായിരുന്നു.
പോർബന്തറിൽ അക്കാലത്ത് ഊഞ്ഞാലാട്ടുത്സവം വളരെ മോടിയായി നടത്തിയിരുന്നു.
ഇതു കണ്ട കുട്ടികൾ തങ്ങളുടെ വീട്ടുമുറ്റത്ത് ഈ ഉത്സവം നടത്തണമെന്ന് തീരുമാനിച്ചു. അതിനായി അടുത്ത ക്ഷേത്രത്തിലെ ഓട്ടു വിഗ്രഹങ്ങൾ മോഷ്ടിച്ചെടുത്തു. ഇതറിഞ്ഞ പുരോഹിതൻ അവർക്കു പിന്നാലെ ഓടി. ഗത്യന്തരമില്ലാതെ കുട്ടികൾ വിഗ്രഹം മറ്റൊരമ്പലത്തിൽ എറിഞ്ഞശേഷം ഓടി മറഞ്ഞു. അവരെല്ലാം ഗാന്ധികുടുംബത്തിൽപ്പെട്ട കൂട്ടികളായിരുന്നു.
വിവരം വീട്ടിലറിഞ്ഞു.
ഇതേപ്പറ്റി വിചാരണ നടന്നു. കരം ചന്ദ് ഗാന്ധിയുടെ സഹോദരൻ മാത്രമായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. എല്ലാവരും കുറ്റം നിഷേധിച്ചു. എന്നാൽ ആറുവയസ്സുള്ള മഹാത്മാഗാന്ധി മാത്രം സംഭവിച്ചതെല്ലാം തുറന്നു പറഞ്ഞു.
വ്യത്തിയായി വസ്ത്രം ധരിക്കുന്നതിൽ മഹാത്മാഗാന്ധി (മോഹൻദാസ്) എന്നും മാർപന്തിയിലായിരുന്നു, കിണറ്റുകരയിലി രുന്നു മറ്റുകുട്ടികളുമായി മത്സരിച്ചാണ് മഹാത്മഗാന്ധി വസ്ത്രങ്ങൾ കഴുകിയിരു ന്നത് .
ചെടികൾ നട്ടുവളർത്തുന്നതും മ്യഗ ങ്ങളുടെ ചെവിയിൽ നുള്ളുന്നതും മഹാത്മാഗാന്ധിയുടെ ഒരു ശീലമായിരുന്നു. സുഹൃത്തുക്കളുടേയും അനുയായികളുടെയും ചെവി നുള്ളി രസിക്കുക എന്നത് പിൽക്കാലത്തും അദ്ദേഹത്തിന്റെ പതിവായിരുന്നു.
മാതാപിതാക്കളോടുള്ള ആ ബാലന്റെ
സ്നേഹവും ഭക്തിയും അവർണ്ണനീയമായിരുന്നു. പിന്നീടൊരിക്കൽ മഹാത്മാജി ഇങ്ങനെ പറഞ്ഞു
“മാതാപിതാക്കളെ ഞാൻ ഈശ്വരനെപ്പോലെ കരുതി.
അതിന്റെ ഫലമാണു ജീവിതത്തിൽ ഓരോ നിമി ഷത്തിലും ആസ്വദിച്ചു കൊണ്ടിരിക്കു ന്നത്”.
മാതൃപിതൃഭക്തി വർദ്ധിപ്പിക്കുന്നതിന് ഉതകുന്ന ഒരു നാടകം വായിക്കാൻ ബാല്യകാലത്തു ഗാന്ധിജിക്കു കഴിഞ്ഞു, ‘ശ്രാവണ പിത്യ ഭക്തി’ എന്നായിരുന്നു ആ നാടകത്തിന്റെ പേര്. രാമായണത്തിൽ ശ്രാവണന്റെ കഥയുണ്ട്. അന്ധരും വ്യദ്ധരുമായ മാതാപിതാക്കളുടെ അഭിലാഷമായിരുന്നു പുണ്യസ്ഥലങ്ങൾ സന്ദർശിക്കുക എന്നത്.
ശ്രാവൺ ഒരു കാവണ്ടമുണ്ടാക്കി അതിന്റെ രണ്ടറ്റത്തും ഓരോ കുട്ട ബന്ധിച്ചു. ഓരോ കുട്ടയിലായി അച്ഛനമ്മമാരെ ഇരുത്തി. പിന്നെ അതും ചുമന്നുകൊണ്ടു തീർത്ഥയാത്രയാരംഭിച്ചു.
വഴിമദ്ധ്യേ അവർ ഒരു വനത്തിലെത്തി. മാതാപിതാക്കൾക്കു കുടിക്കാനായി വെള്ളമെടുക്കാൻ ശ്രാവൺ നദിയിലേക്കിറങ്ങി.
എന്നാൽ ആ സമയത്ത് വനത്തിൽ ദശരഥൻ നായാട്ടിനിറങ്ങിയിട്ടുണ്ടായിരുന്നു.
നദിയിൽ വെള്ളം തുടിക്കുന്നതു കേട്ട് ആനയാണെന്നു കരുതി ശബ്ദം കേട്ട ഭാഗത്തേയ്ക്കു ദശരഥൻ വില്ലുകുലച്ചു.
– “അയ്യോ എന്നെക്കൊന്നേ… എന്നെക്കൊന്നേ” നദിയിൽനിന്ന് ഒരു മനുഷ്യന്റെ അലർച്ച മുഴങ്ങി… ദശരഥൻ മിന്നൽ വേഗത്തിൽ അവിടെ പാഞ്ഞെത്തി. ശ്രാവൺ മരണവേദനയിൽ പിടയുകയാണ്. അപ്പോഴും അവൻ വിളിച്ചുപറഞ്ഞു. “മഹാരാജാവേ, കണ്ണുകൾ കണാൻ വയ്യാത്ത എന്റെ മാതാപിതാക്കൾക്ക് ഈ വെള്ളം കൊണ്ടുപോയി കൊടുക്കണം.”
ദശരഥൻ അങ്ങനെ ചെയ്തു.
ശ്രാവണന്റെ മൃതദേഹം ചിതയിൽ ആളിക്കത്തി. ആ തീയിൽ ചാടി അവന്റെ മാതാപിതാക്കളും ജീവൻ ഹോമിച്ചു. ആ കഥ മോഹൻദാസിന്റെ ഹൃദയത്തെ വല്ലാതെ സ്പർശിച്ചു. താനും ശ്രാവണനെപ്പോലെ മാതാപിതാക്കളെ സ്നേഹിക്കുമെന്നു ആ ബാലൻ ശപഥം ചെയ്തു.
ഒരിക്കൽ ചേട്ടൻ തന്നെ തല്ലിയെന്ന് അവൻ അമ്മയോടു പരാതി പറഞ്ഞു. അപ്പോൾ അമ്മ ചോദിച്ചു: “നീയെന്താ തിരിച്ചടക്കാത്തത്?” അപ്പോൾ അവൻ അമ്മയോടു തിരിച്ചു ചോദിച്ചു: “സഹോദരനെ തല്ലുന്നതു ശരിയാണോ?” അതു കേട്ടു, അമ്മ അമ്പരന്നുപോയി.
അക്കാലത്ത് മഹാത്മാഗാന്ധി (മോഹൻദാസ്) ഹരിശ്ചന്ദ്രൻ എന്ന നാടകം കാണാനിടയായി. ആ നാടകം അവനിൽ സാരമായ ചലനങ്ങൾ സൃഷ്ടിച്ചു. സത്യത്തിന്റെ വിലയും മഹത്തരവും ജീവിതത്തിലാദ്യമായി അവൻ മനസ്സിലാക്കിയത് ആ നാടകത്തിലു ടെയായിരുന്നു.
വീടിനടുത്തുള്ള ഒരു പ്രൈവറ്റ് സ്ക്കൂളിലാണ്
മഹാത്മാഗാന്ധിയുടെ പഠനം ആരംഭിച്ചത് ആദ്യംനിലത്തെഴുത്തിലൂടെയായിരുന്നു പഠനം.
പിന്നെ ഗുജറാത്തി അക്ഷരങ്ങളും ഗുണനപ്പട്ടികയും അക്ഷരമാലയും എല്ലാവരും ചേർന്നാണ് ചൊല്ലിയിരുന്നത്. പിന്നെ ചേർന്നത് ഒരു പ്രൈമറി സ്കൂളിൽ അവിടെ ഒരു കൊല്ലത്തോളം പഠിച്ചു. വീട്ടിൽ വച്ച് ശ്രീ ആനന്ദ്ജി തുളസി അധ്യാരു എന്ന മാസ്റ്റർ ട്യൂഷൻ നൽകിയിരുന്നു. ഏഴുവയസ്സായപ്പോൾ മഹാത്മാഗാന്ധിജിയുടെ കുടുംബം രാജ്കോട്ടിലേയ്ക്കു താമസം മാറ്റി. അച്ഛനെ സമ്പൂർണ്ണ അധികാരത്തോടെ അവിടുത്തെ ദിവാനായി നിയമിച്ചതുകൊണ്ടായിരുന്നു അത്.
സ്വവസതിക്കടുത്തു തന്നെ ഒരു ഗുജറാത്തി സ്കൂൾ ഉണ്ടായിരുന്നു. അവിടെയായിരുന്നു പിന്നീടുള്ള മഹാത്മാഗാന്ധിയുടെ വിദ്യാഭ്യാസം.
1879 ജനുവരി 2-ാം തീയ്യതി രാജ്കോട്ട് സ്കൂളിൽ മൂന്നാം ക്ലാസിൽ ചേർന്നു. ആ ക്ലാസിലെ പരീക്ഷ 1879 ഡിസംബർ 3-ാം തീയ്യതിയായിരുന്നു. മൂന്നും നാലും സ്റ്റാൻഡേർഡിൽ വാർഷിക പരീക്ഷ കളിൽ എല്ലാ വിഷയങ്ങളിലും ജയിച്ചു എങ്കിലും മഹാത്മാഗാന്ധിക്ക് വേഗം ഗുണിക്കാനും മനക്കണക്ക് ചെയ്യാനും കഴിഞ്ഞിരുന്നില്ല.
മഴയുള്ള ദിവസങ്ങളിൽ അച്ഛന്റെ വണ്ടിയിലായിരുന്നു സ്കൂളിൽ പോയിരുന്നത്.
പ്രൈമറി സ്കൂളിൽ പഠിക്കുന്ന കാലത്ത് മഹാത്മാഗാന്ധി വലിയ നാണം കുണുങ്ങിയും ദയാശീലനുമായിരുന്നു. 1880-ൽ രാജ്കോട്ട് സിറ്റി താലൂക്കിൽ ചേർന്ന് നാലാം ക്ലാസ് ജയിച്ചു. തുടർന്ന് ഹൈസ്കൂളിൽ പഠിക്കണമെങ്കിൽ ഒരു പ്രവേശനപരീക്ഷ പാസാകണമെന്നായിരുന്നു നിയമം. ആ പരീക്ഷയിൽ നല്ല മാർക്കു വാങ്ങി മഹാത്മാഗാന്ധി ജയിച്ചു.
പിന്നീട് കത്തിയവാർ ഹൈസ്കൂളിലെ ഒന്നാം ക്ലാസിൽ ചേർന്നു. അപ്പോൾ മഹാത്മാഗാന്ധിക്ക് വയസ്സ് പതിനൊന്ന്.
അക്കൊല്ലം ആ സ്കൂളിൽ പരിശോധനയ്ക്കായി ഇൻസ്പെക്ടർ വന്നു. അദ്ദേഹം കൂട്ടികളോട് കേട്ടെഴുതാൻ ‘കെറ്റിൽ” എന്ന ഇംഗ്ലീഷ് വാക്കു പറഞ്ഞു. മഹാത്മാഗാന്ധിക്ക് ആ വാക്ക് കെറ്റിൽ ആണോ കാറ്റിൽ ആണോ എന്ന് സംശയമായി അതു മസ്സിലാക്കിയ അധ്യാപകൻ തന്റെ കാലുകൊണ്ട് മഹാത്മാഗാന്ധിയുടെ കാലിൽ തോണ്ടി അടുത്തിരിക്കുന്ന കുട്ടിയുടെ സ്റ്റേറ്റിൽ നോക്കി ശരിയുത്തരം എഴുതാൻ ആഗ്യം കാണിച്ചു.
എന്നാൽ കോപ്പിയടിക്കുന്നത് തെറ്റാണെന്ന് മഹാത്മാഗാന്ധിക്ക് തോന്നി അതിനാൽ മഹാത്മാഗാന്ധി അങ്ങനെ ചെയ്തില്ല.
രണ്ടാം ക്ലാസിലെത്തിയപ്പോൾ പുകവലിയിൽ ആകൃഷ്ടനായ മോഹൻദാസ് (മഹാത്മാഗാന്ധി)വീട്ടിലെ ഭ്യത്യന്മാരുടെ പൈസ മോഷ്ടിച്ച് നാടൻ ബീഡികൾ വാങ്ങിവലിച്ചു. അക്കാലത്ത് മുതിർന്നവരുടെ വിലക്കുകളിൽ മനംനൊന്ത് അവനും കൂട്ടുകാരനും കൂടി ആത്മഹത്യ ചെയ്യാനായി ഒരു കാട്ടിലെത്തി.
രണ്ട് ഉമ്മത്തിൻകായ് തിന്നു. അപ്പോഴേയ്ക്കും ഭയമായി ആ പദ്ധതി ഉപേക്ഷിച്ചു. 12-ാം വയസ്സിലായി ആ സംഭവം.
പതിമൂന്നാം വയസ്സിൽ മോഹൻദാസിന്റെ (മഹാത്മാഗാന്ധി) വിവാഹം നടന്നു. ശൈശവവിവാഹം ഇന്ത്യയിലാകെ നിലവിലുള്ള കാലമായിരുന്നു അത്. ഒരിക്കൽ ഒരു കൂട്ടുകാരന്റെ പ്രേരണയ്ക്കുവഴങ്ങി മോഹൻദാസ് മാംസം ഭക്ഷിച്ചു. മാംസം കഴിക്കുന്നതുകൊണ്ടാണ് ഇംഗ്ലീഷുകാർക്ക് ശക്തിയുള്ളതെന്ന് കൂട്ടുകാർ സമർത്ഥിച്ചു.
അതു ശരിയാണെന്ന് മഹാത്മാ ഗാന്ധിക്കും (മോഹൻദാസ്) തോന്നി. അങ്ങനെയാണ് ആട്ടിറച്ചി ഭക്ഷിച്ചത്. പക്ഷേ അന്നുരാത്രി തന്റെ വയറ്റിൽ ആടു കരയുന്നതായി മഹാത്മാഗാന്ധിക്കു തോന്നി. ഉറക്കത്തിൽ ആടിനെ സ്വപ്നം കണ്ട് ഞെട്ടിയുണർന്നു. വല്ലാത്ത ഒരു കുറ്റബോധം തോന്നി.
ഒരിക്കൽ ആ കൂട്ടുകാരന്റെ തന്നെ പ്രരണയ്ക്കു വഴങ്ങി ജ്യേഷ്ഠന്റെ വളയിൽ നിന്നു കുറച്ചു സ്വർണ്ണം മുറിച്ചെടുത്തു.
ആ സംഭവം മഹാത്മാഗാന്ധിയിൽ വല്ലാത്ത കുറ്റബോധമുണ്ടാക്കി. അവന്റെ മന സ്സുനീറിപ്പുകഞ്ഞു. മഹാത്മാഗാന്ധി തന്റെ എല്ലാ കുറ്റങ്ങളും എഴുതി രോഗ ശയ്യയിലായിരുന്ന അച്ഛന്റെ കൈയിൽ കൊടുത്തു. അച്ഛൻ ശകാരിച്ചില്ല. പക്ഷേ ആ കണ്ണുകൾ നിറഞ്ഞൊഴുകി. അതിൽ അവൻ തന്റെ പാപങ്ങൾ കഴുകിക്കളഞ്ഞു. 1884- ലെ രണ്ടാമത്തെ ടേമിൽ നാലാം ക്ലാസുകാരുടെ ഒപ്പം പഠിക്കുവാൻ ഗാന്ധിജിക്ക് അനുവാദം കിട്ടി.
സ്കൂൾ വിട്ടുവന്നാലുടൻ രോഗിയായ അച്ഛനെ ശുശ്രൂഷിക്കുവാൻ അവൻ സമയം കണ്ടെത്തി. താമസിയാതെ അച്ഛൻ മരിച്ചു.
പന്ത്രണ്ടുവർഷം മഹാത്മാഗാന്ധി (മോഹൻദാസ് )ആ സ്കൂളിൽ പഠിച്ചു. വള യധികം ലജ്ജാശീലനായിരുന്ന മഹാത്മ ഗാന്ധിക്ക് (മോഹൻദാസ്) കാര്യമായ കൂട്ടു കർ ആരും തന്നെയില്ലായിരുന്നു. 1887-ൽ മെട്രിക്കുലേഷൻ പരീക്ഷ ജയിച്ചു. അധികം താമസിയാതെ ഭവനനഗറിലെ സമൽദാസ് കോളേജിൽ ചേർന്നെങ്കിലും പിന്നീട് അവിടത്തെ പഠനം ഉപേക്ഷിച്ച് ബാരിസ്റ്റർ പരീക്ഷ പാസ്സാകാനായി ഇംഗ്ലണ്ടിലേക്കു തിരിച്ചു.
അമ്മയ്ക്ക് ആദ്യം താല്പര്യമില്ലായിരുന്നു. കാരണം അവിടെയെത്തിയാൽ തന്റെ പുത്രൻ ചീത്തയാകുമെന്ന് അവർ ഭയപ്പെട്ടിരുന്നു. പ്രലോഭനങ്ങൾക്ക് അടിമപ്പെടില്ലെന്നു സത്യം ചെയ്യിച്ചശേഷമാണു അമ്മ മഹാത്മ ഗാന്ധിക്ക് യാത്രാനുമതി നൽകിയത്. മഹാത്മാഗാന്ധി ഇംഗ്ലണ്ടിലായിരിക്കുമ്പോൾ അദ്ദേഹത്തിന്റെ അമ്മ മരിച്ചു. വിവരം മോഹൻദാസിനെ ആരും അറിയിച്ചില്ല.
ഇരുപത്തിരണ്ടാം വയസ്സിൽ മഹാത്മാഗാന്ധി (മോഹൻദാസ്) ബാരിസ്റ്ററായി.
കാലം കടന്നു പോയി, അവസാനം ലോകം കണ്ട ഏറ്റവും വലിയ സമരനായകനായി അദ്ദേഹം മാറി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ചോരയും നീരും പ്രദാനം ചെയ്ത മഹാത്മാഗാന്ധിയെ 1948 ജനുവരി 30 ന് ഒരു മതഭ്രാന്തനായ നാഥുറാം ഗോഡ്സെ വെടിവെച്ചുകൊന്നു.